ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ശാസ്ത്രജ്ഞർക്കും ആവേശം പകർന്ന് ഒക്ടോബറിൽ എട്ടോളം അപൂർവ പ്രതിഭാസങ്ങൾ ദൃശ്യമാകും. ഗ്രഹങ്ങളെ മികച്ചരീതിയിൽ കാണാൻ കഴിയുന്നതുൾപ്പെടെ രണ്ട് ഉൽക്കാവർഷങ്ങൾ, തിളക്കമേറിയ പൗർണമി തുടങ്ങിയവ ഈ മാസത്തെ ആകാശവിസ്മയങ്ങളാണ്. മറ്റു തടസങ്ങളൊന്നുമില്ലാത്ത പ്രദേശങ്ങളിൽനിന്ന് ഇവ വ്യക്തമായി കാണാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ശനിയും ചൊവ്വയും ചന്ദ്രനുമൊന്നിക്കുന്ന അപൂർവ കാഴ്ച
നാളെ ശനി ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന 'ഓപ്പോസിഷൻ' പ്രതിഭാസം സംഭവിക്കും. ഈ സമയം സൂര്യന്റെ വെളിച്ചം പരമാവധി പതിക്കുന്നതിനാൽ ശനിയും അതിന്റെ ചുറ്റുമുള്ള വളയങ്ങളും സാധാരണയേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ കഴിയും. സൂര്യനസ്തമിച്ചുകഴിഞ്ഞാൽ രാത്രി മുഴുവൻ ശനി ആകാശത്തുണ്ടാകും. നിങ്ങളുടെ പ്രദേശത്തു നാളെ മേഘാവൃതമായ ആകാശമാണെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ശനിയെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. ഈ മാസം പകുതി വരെ ശനി തിളക്കത്തോടെ ആകാശത്തു ദൃശ്യമായിരിക്കുമെന്നു ശാസ്ത്രജ്ഞർ.
ഒക്ടോബർ അഞ്ചിനു പുലർച്ചെ കിഴക്കൻ ആകാശത്തു നോക്കിയാൽ ചന്ദ്രക്കലയും അതിനോടുചേർന്ന് ഓറഞ്ച്-ചുവപ്പു നിറത്തിൽ ചൊവ്വയും കാണാം. ഇവയ്ക്കൊപ്പം വ്യാഴവും 'ബീഹൈവ്' എന്ന നക്ഷത്രക്കൂട്ടവും കാഴ്ചക്കാർക്ക് ഇരട്ടി മനോഹാരിത സമ്മാനിക്കും. പുലർച്ചെ മൂന്നു മുതൽ അഞ്ചരവരെ ആകാശവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണ്.
മഴപോലെ പെയ്യും ഉൽക്കാവർഷം
ഒക്ടോബർ 8, 9 രാത്രികളിൽ 'ഡ്രാക്കോണിഡ്' ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ചാന്ദ്രപ്രകാശം കുറവായതിനാൽ ഇരുണ്ട ആകാശത്ത് മണിക്കൂറിൽ പത്തോളം ഉൽക്കകൾ വരെ തെളിഞ്ഞു കത്തും. തുടർന്ന് 21, 22ന് 'ഓറിയോണിഡ്' ഉൽക്കാവർഷം ദൃശ്യമാകും. ഓറിയോൺ നക്ഷത്രസമൂഹത്തിന്റെ ദിശയിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ എത്തുന്ന ഈ ഉൽക്കകൾ തിളക്കമുള്ള പ്രകാശരേഖകൾ സൃഷ്ടിക്കും. മണിക്കൂറിൽ ഇരുപതോളം ഉൽക്കകൾ വരെ ഈ സമയത്ത് പ്രതീക്ഷിക്കാം.
ക്ഷീരപഥത്തിന്റെ കേന്ദ്രവും ബുധന്റെ സ്ഥാനമാറ്റവും
ഗാലക്സിയുടെ കേന്ദ്രഭാഗം കാണാനുള്ള ഈ വർഷത്തെ അവസാന അവസരങ്ങളിലൊന്നാണിത്. അമാവാസി ദിനമായ പത്തിന് ക്ഷീരപഥത്തിലെ കോടിക്കണക്കിനു നക്ഷത്രങ്ങളും തിളക്കമേറിയ കേന്ദ്രവും കാണാൻ കഴിയും.
ഒക്ടോബർ 12-ന് ബുധൻ സൂര്യനിൽനിന്നു പരമാവധി അകന്നുനിൽക്കുന്ന, ഈസ്റ്റേൺ ഈലോംഗേഷൻ അവസ്ഥയിലായിരിക്കും. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ആകാശത്ത് ബുധനെ വ്യക്തമായി കാണാൻ സഹായിക്കും.
'ഹണ്ടേഴ്സ് മൂൺ'
ഈ മാസം 26-നു രാത്രിയിൽ പൂർണചന്ദ്രൻ -'ഹണ്ടേഴ്സ് മൂൺ' - ആകാശത്ത് ഉദിച്ചുയരും. ശൈത്യകാലത്തിനു മുന്നോടിയായുള്ള ഭക്ഷണ ശേഖരണ സമയത്തെ സൂചിപ്പിക്കുന്നതിനാലാണു പരമ്പരാഗതമായി ഇതിന് ഈ പേരു ലഭിച്ചത്. ചന്ദ്രൻ ഉദിച്ചുയരുന്ന സമയത്ത് ഓറഞ്ച് നിറവും സാധാരണയേക്കാൾ വലിപ്പവും അനുഭവപ്പെടും.